Friday, September 16, 2011

ചരിത്രത്തിന്റെ തായ് വേര് തേടി................................




പ്ലാറ്റിനം ജൂബിലി പിന്നിട്ട് നൂറിന്റെ മാറ്റിലേക്ക് കടക്കുകയാണ് നടയറ ഗവ.മുസ്ലീം ഹൈസ്കൂള്‍.പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നടയറയുടെ ആശാകേന്ദ്രമാണ് ഈ വിദ്യാലയം.2025-ല്‍ ശതാബ്ദി ആഘോഷം വിപുലമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് നാം.
85 വര്‍ഷം പഴക്കമുള്ള ഈ വിദ്യാലയം നടയറ എന്ന നാട്ടിന്‍പുറത്തിന്റെ ഉത്ഥാപതനങ്ങള്‍ക്ക് സാക്ഷിയായ ടി.എസ് കനാലിന്റെ ഓരത്താണ് സ്ഥിതി ചെയ്യുന്നത്.കനാല്‍ ഗതാഗതത്തിന്റെ പ്രാരംഭകാലത്ത് വളര്‍ന്നുവന്ന വാണിജ്യകേന്ദ്രമാണ് നടയറ.അന്ന് വാണിജ്യത്തിനായി നടയറയില്‍ എത്തിയ കൊച്ചിക്കാരന്‍ യൂസഫ് സേഠ് ആണ് 1924-ല്‍ ഈ വിദ്യാലയം സ്ഥാപിച്ചത്.വാണിജ്യകേന്ദ്രത്തിന് ഒപ്പമുള്ള കടമുറികളില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്കൂള്‍ പിന്നീട് യൂസഫ് സേഠിന്റെ അനുജനായ അബ്ദുല്‍ ലത്തീഫ് സേഠിന്റെ വക നാല്‍പത് സെന്റ് ഭൂമിയിലേക്ക് മാറ്റി.അവിടെയാണ് യൂസഫ് സേഠിന്റെ മരുമകനായ അബ്ദുള്ള സേഠ് ആദ്യത്തെ സ്കൂള്‍ മന്ദിരം സ്ഥാപിക്കുന്നത്.ശ്രീമാന്‍ ശ്രീശങ്കരപിള്ളയായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകന്‍.
നടയറയിലെ വ്യാപാരകേന്ദ്രം പല കാരണങ്ങളാല്‍ ക്ഷയിച്ചു.അതോടെ സ്ഥാപകനായ യൂസഫ് സേഠ് കൊച്ചിയിയിലേക്ക് മടങ്ങി.ഇടവ സ്കൂളിലെ അധ്യാപകനും നടയറയിലെ പൗരപ്രമുഖനുമായിരുന്ന മുഹമ്മദ് കു‌‌ഞ്ഞ് മുന്‍ഷിക്ക് നടയറ സ്കൂള്‍ നിസ്സാരവിലയ്ക് വിറ്റിട്ടായിരുന്നു അദ്ദേഹത്തിന്റെ മടക്കയാത്ര.മുഹമ്മദ് കുഞ്ഞ് മുന്‍ഷി മാനേജരായിരിക്കെ 1949-ല്‍സ്കുളിന്റെ പ്രധാനാധ്യാപക പദവി കൂടി അദ്ദേഹത്തില്‍ നിക്ഷിപ്തമായി.
1955-ആയതോടെ മുസ്ലീം എലമെന്ററി സ്കൂള്‍ -നടയറ മുസ്ലീം പ്രൈമറി സ്കൂള്‍ -നടത്തിക്കൊണ്ടു പോകാനാകാത്ത സാഹചര്യം വന്നുചേര്‍ന്നു.കേവലം ഒരു രൂപ പ്രതിഫലം പറ്റി സ്കൂള്‍ സര്‍ക്കാരിനു് വിട്ടുകൊടുത്തു.മാനേജര്‍ സ്ഥാനം ഒഴിഞ്ഞങ്കിലും 1968-ല്‍ വിരമിക്കുന്നതുവരെ മുഹമ്മദ് കുഞ്ഞ് മുന്‍ഷി തന്നെയായിരുന്നു ഹെഢ്മാസ്റ്റര്‍.
നിയമസഭാ സ്പീക്കര്‍ ശ്രീ.ജി .കാര്‍ത്തികേയന്‍,ശ്രി.വര്‍ക്കല കഹാര്‍ എം.എല്‍.എ തുടങ്ങി നിരവധി പ്രമുഖരും പ്രശസ്തരുമായവര്‍ ആദ്യാക്ഷരം കുറിച്ച വിദ്യാലയമാണിത്.
1924-ല്‍ സ്ഥാപിതമായ സ്കൂള്‍ 1971ലാണ് അപ്പര്‍ പ്രൈമറി സ്കൂളായി മാറിയത്. 1974 സെപ്തംബര്‍ 9 ന് സ്കൂള്‍ കനകജൂബിലി ആഘോഷങ്ങള്‍ നടന്നു.അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ.ചാക്കീരി അഹമ്മദ് കുട്ടിയാണ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്.
1989-ലാണ് രണ്ടാമത്തെ അപ്ഗ്രഡേഷന്‍ യാഥാര്‍ത്ഥ്യമായത്.അതോടെ ഹൈസ്കുള്‍ എന്ന ചിരകാലഭിലാഷം പൂവണിഞ്ഞു.

1 comment:

  1. ചരിത്രത്തിനൊപ്പം നീങ്ങിയ വിദ്യാലയം...അല്ല,ചരിത്രം സൃഷ്ടിച്ച വിദ്യാലയം ..അതെ നടയറയുടെ ഉത്ഥാന പഠനങ്ങളുടെ നേർ സാക്ഷിയാണീ അക്ഷരാലയം .വലിയൊരു ചരിത്രം ഈ വിദ്യാലയത്തിനുണ്ട് .ഒരിക്കൽ അതെഴുതപ്പെട്ടതാണ്.ഏറെ ക്ലേശിച്ചു തന്നെ.

    ReplyDelete